രാജ്യത്തെ സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി) ആണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികളാണ് കണ്ടെത്തിയിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11, 12, 13, 14 എന്നിവ അടിസ്ഥാനമാക്കിയുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള പതിപ്പുകളിലുള്ള ഫോണില്‍ ഒന്നിലധികം സുരക്ഷാ പ്രശ്‌നങ്ങളാണ് നേരിടുന്നത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത് മുന്‍കരുതലെടുക്കണമെന്നും സിഇആര്‍ടി അറിയിച്ചു. സൈബര്‍ കുറ്റവാളികളെ ഫോണിലെ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവായ വിവരങ്ങള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്നതാണ് നിലവിൽ കണ്ടെത്തിയിരിക്കുന്ന പിഴവുകള്‍.