സുരക്ഷയും ലഭ്യതയും വർധിപ്പിക്കും:8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ

0
118

യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. ചരക്കുകൾക്കും സേവനങ്ങൾക്കുമായി ട്രിപ്പുകളുടെ എണ്ണവും ട്രെയിനുകളുടെ ലഭ്യതയും വർധിപ്പിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഇതോടെ യാത്രക്കാർക്ക് വെയിറ്റിംഗ് ലിസ്റ്റ് നോക്കിയിരിക്കുന്നത് അവസാനിപ്പിക്കാം.

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ കാലപ്പഴക്കമെത്തിയ ട്രെയിനുകൾ മാറ്റും. 8,000 പുതിയ ട്രെയിനുകളിൽ 5,000 ട്രെയിനുകൾ പഴയ ട്രെയിനുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഉപയോഗിക്കും.15 വർഷത്തിനുള്ളിൽ പഴയ ട്രെയിനുകൾ മാറ്റിസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 10,754 പ്രതിദിന ട്രിപ്പുകളാണ് ഇന്ത്യൻ റെയിൽവേ നടത്തുന്നത്. വെയ്‌റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കുന്നതിന് 3,000 എണ്ണം പുതുതായി ചേർക്കാനാണ് റെയിൽവേയുടെ പദ്ധതി. പ്രതിവർഷം 700 കോടി യാത്രക്കാരാണ് റെയിൽവേയുടെ സേവനം ഉപയോഗിക്കുന്നത്. 2030ഓടെ ഇത് 1,000 കോടി ആകുമെന്നാണ് പ്രതീക്ഷ.