ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നതിന് കാന്തല്ലൂരിന് ഡിജിറ്റൽ-സാങ്കേതിക സഹായം നൽകാൻ ടെക്നോളജി കമ്പനിയായ ലെനോവോ (Lenovo). പ്രാദേശികമായി ലഭിക്കുന്ന 6 തരം ചെറുധാന്യങ്ങൾ കൃഷി ചെയ്യാനാണ് പിന്തുണ നൽകുക. ചെറുധാന്യങ്ങൾ കൃഷി ചെയ്യാനും വിപണിയുണ്ടാക്കാനും ലെനോവോയുടെ സാങ്കേതിക സഹായം ലഭിക്കും.
ഇതിനായി കാന്തല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസോഴ്സസ് ഡെവലപ്മെന്റ് കോളജ് ഫോർ അപ്ലൈഡ് സയൻസിൽ ലെനോവോ ഡിജിറ്റൽ കേന്ദ്രവും ആരംഭിച്ചു. കാന്തല്ലൂരിൽ നടക്കുന്ന ചെറുധാന്യക്കൃഷിയെ കുറിച്ച് അവബോധമുണ്ടാക്കാൻ ലെനോവോ മില്ലറ്റ് മാസ്റ്റേഴ്സ് എന്ന വീഡിയോയും പുറത്തിറക്കിയിരുന്നു.
ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 25 കർഷകർ പങ്കെടുത്തു. 6 തരം ചെറുധാന്യങ്ങൾ കാന്തല്ലൂരിൽ 25 ഏക്കർ ഭൂമിയിൽ കൃഷി ചെയ്യും. മുത്താറി, ബൻയാഡ് മില്ലറ്റ് അഥവാ കവടപ്പുല്ല്, ചാമയരി, തിന, വരക്, കൂവരക് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതുവരെ 1,750 കിലോ ധാന്യം വിളവെടുത്തിട്ടുണ്ട്. മാർച്ചോടെ 2,000 കിലോ വിളവെടുക്കാനാണ് ശ്രമം.
പദ്ധതിയിലേക്കുളള കർഷകരെ തിരഞ്ഞെടുത്തത് ഗ്രാമപഞ്ചായത്താണ്. തരിശ്ശായി കിടന്നതോ ഇടവിളകൾ കൃഷി ചെയ്തതോ ആയ കൃഷിയിടങ്ങളാണ് ചെറുധാന്യ കൃഷിക്ക് തിരഞ്ഞെടുത്തത്. ലെനോവോയുടെ ഡിജിറ്റൽ കേന്ദ്രം കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകർക്ക് നിർദേശങ്ങളും സഹായവും നൽകി. ചെറുധാന്യങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ശൃംഖല വിപുലീകരിക്കുന്നതിനും സമുദ്ര നെറ്റ്‌വർക്ക്, ആഗ്രി ആപ്പ് എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. അടുത്ത വർഷത്തോടെ 50 കർഷകരെ പങ്കെടുപ്പിച്ച് 50 ഏക്കറിൽ ചെറുധാന്യ കൃഷിയിറക്കാനാണ് ലെനോവോ ലക്ഷ്യമിടുന്നത്.