2023ൽ സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. ഹൈദരബാദിൽ മാത്രം ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടതെന്നാണ് കണക്ക്. രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്നിലാക്കി ഹൈദരബാദാണ് ബിരിയാണി തീറ്റയിൽ മുന്നിൽ.
നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദ് എന്നീ നഗരങ്ങളിൽ നിന്നാണ് സ്വിഗ്ഗിക്ക് ഏറ്റവുമധികം ഓർഡറുകൾ എത്തിയത്.
രാജ്യത്ത് ഭക്ഷണത്തിനായി സ്വിഗ്ഗിയിലൂടെ ഏറ്റവുമധികം പണം ചെലവഴിച്ചത് ഒരു മുംബൈ സ്വദേശിയാണ്. 2023ൽ മാത്രം 42.3 ലക്ഷം രൂപയുടെ ഭക്ഷണത്തിനാണ് ഇയാൾ സ്വിഗ്ഗിയിലൂടെ ഓർഡർ നൽകിയത്. ഏറ്റവുമധികം ആളുകൾ കേക്ക് ആവശ്യപ്പെട്ടത് ബെംഗളുരു നഗരത്തിലാണ്. 8.5 മില്യണ്‍ ഓർഡറുകളാണ് ചോക്ക്ളേറ്റ് കേക്കിന് മാത്രം ലഭിച്ചത്.