ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം:പെന്റഗണിനെ പിന്നിലാക്കി സുറത്ത് ഡയമണ്ട് ബോഴ്‌സ്

0
288

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സുറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസിന്റെ ഉദ്ഘാടനം ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. വലുപ്പത്തിൽ അമേരിക്കൻ സൈനിക ആസ്ഥാനമായ പെന്റഗണിനെയാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഓഫീസ് പിന്നിലാക്കിയത്. പെന്റഗൺ 66.75 ലക്ഷം ചതുരശ്ര അടിയും സൂറത്ത് ഡയമണ്ട് ബോഴ്‌സ് 67.28 ലക്ഷം ചതുരശ്ര അടിയുമാണ്. സൂറത്തിലെ ഖാജോഡിലാണ് 3,200 കോടി രൂപ ചെലവിട്ട് ഓഫീസ് സമുച്ചയം പണിതത്.

15 നിലകളുള്ള പരസ്‌പരബന്ധിതമായ ഒമ്പത് കെട്ടിടങ്ങളാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സിലുള്ളത്. 300 ചതുരശ്ര അടിമുതൽ 75,000 ചതുരശ്ര അടിവരെ വിസ്‌തീർണമുള്ള 4,700 ഓഫീസുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും. ഇപ്പോൾ 135 ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. 131 എലിവേറ്ററുകളാണ് സ്ഥാപനത്തിലുളളത്. അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനം, സുരക്ഷിത നിലവറകൾ, 27 ഓളം റീട്ടെയിൽ ജ്വല്ലറി ഔട്ട്ലെറ്റുകൾ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ടാകും. സൂറത്ത് ഡയമണ്ട് ബോഴ്‌സ് 1.5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിലെ സൂറത്തിലും മുംബൈയിലുമായി നടക്കുന്ന വജ്രം മിനുക്കൽ ജോലികളും, വജ്രവ്യാപാരവും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് എല്ലാം ഒരേസ്ഥലത്ത് നടത്താനാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് സ്ഥാപിച്ചത്.