തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ആപ്പിൽ:കെ-സ്‌മാർട്ട് ജനുവരി 1 മുതൽ

0
522

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ മൊബൈൽ ആപ്പിൽ. കെ-സ്‌മാർട്ട് എന്ന് അറിയപ്പെടുന്ന ഓൺലൈൻ സംവിധാനം 2024 ജനുവരി ഒന്ന് മുതൽ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാകും. തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് ആപ്പ് വികസിപ്പിച്ചത്. ആദ്യം നഗരസഭകളിലും തുടർന്ന് പഞ്ചായത്തുകളിലും സംവിധാനം നടപ്പിലാക്കും.

സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാനും, ഒരു സ്ഥലത്തിനെ സംബന്ധിക്കുന്ന പൂർണ വിവരങ്ങൾ അറിയാനും ആപ്പ് ഉപയോഗിക്കാം. സ്ഥലം തീര പരിപാലന നിയമ പരിധി, എയർപോർട്ട്, റെയിൽവേ സോണുകളിൽ ഉൾപ്പെട്ടതാണോ, അത്തരം സ്ഥലങ്ങളിൽ കെട്ടിടം എത്ര ഉയരത്തിൽ പണിയാൻ സാധിക്കും, സെറ്റ് ബാക്ക് എത്ര മീറ്റർ വേണം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കും.

ആദ്യ ഘട്ടത്തിൽ വിവാഹ, ജനന, മരണ രജിസ്ട്രേഷൻ, വാണിജ്യ ലൈസൻസുകൾ, വസ്‌തു നികുതി, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് കെ-സ്‌മാർട്ട് വഴി ലഭിക്കുന്നത്. ബ്ലോക്ക് ചെയിൻ, വിർച്വൽ റിയാലിറ്റി, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ആപ്പ് വികസിപ്പിച്ചത്.