അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,270 കോടി

0
399

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളിൽ വർധന. 42,270 കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത്. 28 ശതമാനമാണ് വർധന. മുൻ വർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങളാണ് 2023 മാർച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് പൊതുമേഖലാ ബാങ്കുകളിലുളളത്. 6,087 കോടി രൂപയാണ് സ്വകാര്യമേഖലാ ബാങ്കുകളിലുള്ളത്.

കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 10 വർഷമോ അതിൽ കൂടുതലോ വർഷം ഒരു ഉപയോക്താവിന്റെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന ബാലൻസുകളാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ. ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ പലരും ക്ലോസ് ചെയ്യാത്തതും മരണപ്പെട്ടവരുടെ അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തതുമാണ് ഇത്തരം നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഈ തുക അതത് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്.

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകളുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാനും ഇടപാടുകാർ എവിടെയാണെന്ന് കണ്ടെത്താനും ആ വ്യക്തി മരണപ്പെട്ടാൽ നിയമപരമായ അവകാശികളെ കണ്ടെത്താനും ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലെയും ഇത്തരത്തിലുള്ള ടോപ് 100 നിക്ഷേപങ്ങള്‍ കണ്ടെത്തി തിരികെ നല്‍കാനായി കഴിഞ്ഞ ജൂണ്‍ 1 മുതല്‍ ‘100 ഡേയ്‌സ് 100 പേയ്‌സ്’ എന്ന പ്രത്യേക ക്യാംപെയ്‌നും ആര്‍.ബി.ഐ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 31 പ്രധാന ബാങ്കുകൾ ചേർന്ന് ₹1,432.68 കോടി തിരികെ നൽകിയിട്ടുണ്ട്.