കേരളത്തെ വടക്കുനിന്ന് തെക്കുവരെ ഒറ്റ നഗരമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ. 2030ഓടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന ഒറ്റ നഗരം വികസിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി 13 അംഗ നഗര-നയ സമിതിക്കും മന്ത്രിസഭ രൂപംനൽകി. ഒരു വർഷത്തെ പ്രവർത്തന കാലാവധിയാണ് ഈ കമ്മിഷനുളളത്. കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)യുടെ നഗരഭരണ പഠന കേന്ദ്രം കമ്മീഷന്റെ സെക്രട്ടേറിയറ്റായി പ്രവർത്തിക്കും. ഇതിനായി ഒരു നഗര-നയ സെൽ രൂപീകരിക്കും.
യു.കെയിലെ ബെൽഫാസ്റ്റ് ക്വീൻസ് യൂണിവേഴ്‌സിറ്റിയിൽ സീനിയർ അസോസിയേറ്റ് പ്രൊഫസറായ ഡോ.എം. സതീഷ് കുമാർ ആയിരിക്കും കമ്മിഷൻ അധ്യക്ഷൻ. തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മെമ്പർ സെക്രട്ടറിയാവും. കമ്മിഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ സ്വന്തം നഗര-നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.