സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം മുൻകൂറായി അനുവദിച്ച് കേന്ദ്രം:കേരളത്തിന് 1,404.50 കോടി

0
147

ഉത്സവ സീസണും പുതുവർഷവും കണക്കിലെടുത്ത് കേന്ദ്രത്തിന്റെ നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം നേരത്തെ അനുവദിച്ച് കേന്ദ്ര സർക്കാർ. മൊത്തം 72,961.21 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2024 ജനുവരി 10-ന് നൽകേണ്ട തുകയാണിത്.

കേരളത്തിന് 1,404.50 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ ഈ മാസം 2,000 കോടി രൂപ കടമെടുത്തിരുന്നു. ക്രിസ്മസിന് ശേഷം 1,100 കോടി രൂപ കൂടി വായ്പയെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെ കേന്ദ്രത്തിന്റെ നികുതിവിഹിതം ലഭിച്ചത് കേരളത്തിന് ആശ്വാസമാകും.

ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശിനാണ് നികുതിവിഹിത വിതരണത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്നത്. 13,088.51 കോടി രൂപ. ബിഹാറിന് 7,338.44 കോടിയും, മധ്യപ്രദേശിന് 5,727.44 കോടിയും, ബംഗാളിന് 5,488.88 കോടിയും ലഭിച്ചു. ഏറ്റവും കുറവ് തുക ലഭിച്ചത് ഗോവ (281.63 കോടി), സിക്കിം (283.10 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ്.