വിദ്യാഭ്യാസ വായ്‌പകളിൽ വർധന:വിദേശ, ആഭ്യന്തര ഓഫ്‌ലൈന്‍ കോഴ്സുകള്‍ക്ക് വൻ ഡിമാന്‍ഡ്

0
128

രാജ്യത്തെ വിദ്യാഭ്യാസ വായ്‌പകളിൽ വർധന. ഇന്ത്യയിലും വിദേശത്തും ഓഫ്‌ലൈൻ കോഴ്‌സുകൾക്കുള്ള (കാമ്പസുകളിൽ എത്തിയുള്ള പഠനം) ഡിമാൻഡ് കൂടിയതോടെയാണ് വായ്പയും വർധിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വിദ്യാഭ്യാസ വായ്‌പകൾ 20.6 ശതമാനം വർധിച്ച് 1,10,715 കോടി രൂപയായതായാണ് റിപ്പോർട്ട്. മുൻവർഷം ഇതേ കാലയളവിൽ ഇത് 96,853 കോടി രൂപയായിരുന്നു.

റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഈ ഏപ്രിൽ- ഒക്ടോബർ കാലയളവിൽ വിദ്യാഭ്യാസ വായ്‌പകളുടെ വളർച്ചയിൽ രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 12.3 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടെ വിതരണം ചെയ്‌ത വായ്‌പയുടെ 65 ശതമാനവും ശരാശരി 40 ലക്ഷം മുതൽ 60 ലക്ഷം വരെയുള്ള വിദേശ വിദ്യാഭ്യാസ വായ്‌പകളാണ്.