അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ബൈജൂസിനെ രക്ഷിക്കാൻ അത്യാവശ്യമായി 2,500 കോടി രൂപ (30 കോടി ഡോളർ) നൽകാൻ നിക്ഷേപകരോട് ആവശ്യപ്പെട്ട് ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബൈജു രവീന്ദ്രൻ. പണം സമാഹരിക്കാനായാൽ കമ്പനിയുടെ സാമ്പത്തിക പ്രശ്‌ങ്ങൾക്ക് പരിഹാരം കാണാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വായ്‌പക്കാരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും ബൈജൂസിന് സാധിക്കും. വിവിധ നിക്ഷേപകരിൽ നിന്നായി ബൈജൂസ് ഇതുവരെ 580 കോടി ഡോളർ (ഏകദേശം 48,000 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വാർഷിക പൊതുയോഗത്തിൽ (AGM) ബൈജുസിന്റെ നടത്തിപ്പിനെ കുറിച്ച് നിക്ഷേപകർ കുറ്റപ്പെടുത്തിയിരുന്നു. ബോർഡിൽ മാറ്റം വരുത്തി പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കൃത്യവുമാക്കണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം. എന്നാൽ കമ്പനിയിൽ കൂടുതൽ നിയന്ത്രണാവകാശം നൽകാമെന്നും 300 മില്യൺ ഡോളർ നിക്ഷേപിക്കാനുമാണ് ബൈജു രവീന്ദ്രൻ തിരിച്ച് നിക്ഷേപകരോട് ആവശ്യപ്പെട്ടത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം പ്രകാരം കമ്പനിയുടെ നഷ്ടം 4,564 കോടി രൂപയിൽ നിന്ന് 8,245 കോടി രൂപയായി വർധിച്ചു. നഷ്ടം കുറച്ച് സുസ്ഥിര വളർച്ചയിലേക്ക് എത്തുകയെന്നത് ബൈജൂസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.