ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കം പ്രതിസന്ധിയിൽ. ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രധാന പാതയായ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണം കാരണം ആഗോള വ്യാപാര മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ 12% കൈകാര്യം ചെയ്യുന്ന സൂയസ് കനാലിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ആക്രമണം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആക്രമണങ്ങൾ മൂലം ചില ഷിപ്പിംഗ് സ്ഥാപനങ്ങൾ തങ്ങളുടെ കപ്പലുകൾ ദൈർഘ്യമേറിയതും ചെലവേറിയതുമായ റൂട്ടുകളിലേക്ക് തിരിച്ചുവിടാനും നിർബന്ധിതരായി. ഇത് കയറ്റുമതി, ഇറക്കുമതി മേഖലയിലെ ചെലവ് വർധിക്കുന്നതിന് കാരണമാകും. സൂയസ് കനാൽ മറികടന്ന് ആഫ്രിക്കയുടെ തെക്കേ അറ്റം വഴിയുള്ള ബദൽ മാർഗം വാണിജ്യ കപ്പലുകൾ തിരഞ്ഞെടുത്താൽ, കടൽ ചരക്ക് ഒരു കണ്ടെയ്‌നറിന് 5,000 ഡോളറായി ഉയരുമെന്നാണ് കണക്ക്. കപ്പലുകൾ എത്തിച്ചേരുന്ന സമയം 20 ദിവസം വരെ നീളുകയും ഇന്ധനച്ചെലവ് വർദ്ധിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിൽ ഒന്നാണ് മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ. ഏഷ്യയും യൂറോപ്പും തമ്മിലുള്ള ദൂരം ആയിരക്കണക്കിന് കിലോമീറ്ററുകൾ കുറയ്ക്കാൻ സഹായിക്കുന്നതാണ് കനാൽ. അതേസമയം ആക്രമണങ്ങൾ തുടരുകയും നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത ആറ് മുതൽ 12 മാസത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.