‘ഫിറ്റ്നസ്സ് മുഖ്യം’:രാജ്യത്ത് സ്പോർട്സ് വസ്ത്രങ്ങൾക്ക് വൻ ഡിമാൻഡ്

0
148

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസിൽ വർധന. കോവിഡിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിസിനസ് ഇരട്ടിയായതായാണ് കണക്കുകൾ. ഫിറ്റ്‌നസിനെ കുറിച്ചുള്ള അവബോധം വർധിക്കുകയും സ്പോർട്സ് വസ്ത്രങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കുകയും ചെയ്‌തതാണ് ബിസിനസ് ഉയരാൻ കാരണം.

2021 സാമ്പത്തിക വർഷം മുതൽ 35-60% വാർഷിക വളർച്ചയാണ് പ്യൂമ, ഡെക്കാത്‌ലോൺ, അഡിഡാസ്, സ്‌കെച്ചേഴ്‌സ്, ആസിക്‌സ് തുടങ്ങിയ ബ്രാൻഡുകളെല്ലാം കൈവരിച്ചത്. 2022- 2023 സാമ്പത്തിക വർഷത്തിൽ ഈ കമ്പനികളുടെയെല്ലാം ആകെ വരുമാനം 11,617 കോടി രൂപയായിരുന്നു. രണ്ട് വർഷം മുമ്പ് 5,022 കോടി രൂപ മാത്രമായിരുന്നു ഈ ബ്രാൻഡുകളുടെ ആകെ വിൽപ്പന.

രാജ്യത്തെ വസ്ത്ര, പാദരക്ഷ വിപണിയേക്കാൾ വേഗത്തിലുള്ള വിൽപ്പന വളർച്ചയാണ് സ്‌പോർട്‌സ്, അത്‌ലറ്റിക്സ് വിഭാഗത്തിലെ വസ്ത്ര, പാദരക്ഷ ഉത്പ്പന്നങ്ങൾക്കുണ്ടായിരിക്കുന്നത്. കോവിഡ് -19 ന്റെ വ്യാപനത്തോടെ ആളുകൾ ആരോഗ്യത്തിന് മുൻഗണന നൽകിയതോടെ ക്രിക്കറ്റ് ഒഴികെയുള്ള കായിക വിഭാഗങ്ങളിലെ വസ്ത്രങ്ങൾക്കും കായിക ഉപകരണങ്ങൾക്കുമുള്ള ആവശ്യം വർദ്ധിച്ചു. 45 വയസിന് മുകളിലുള്ളവർ കൂടുതലായി ജോഗിംഗ് ഷൂ ധാരാളമായി അന്വേഷിച്ചു വരുന്ന സ്ഥിതിയുണ്ടായി. ട്രെൻഡ് മാറിത്തുടങ്ങിയതോടെ രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഗോള ബ്രാൻഡുകൾ. 2025ഓടെ രാജ്യത്ത് 50 പുതിയ സ്റ്റോറുകൾ തുറക്കുമെന്നാണ് ആസിക്‌സ് കോർപ്പറേഷൻ സിഇഒ യസുഹിതോ ഹിരോട്ട പ്രഖ്യാപിച്ചത്.