‘ഭാരത് ജി.പി.റ്റി’:ചാറ്റ് ജി.പി.റ്റിക്ക് ഇന്ത്യന്‍ എതിരാളി എത്തുന്നു

0
695

നിർമ്മിതബുദ്ധി അടിസ്ഥാന പ്ലാറ്റ്ഫോം ഒരുക്കാൻ റിലയൻസ് ജിയോ ഇൻഫോകോം. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് ‘ഭാരത് ജിപിറ്റി’ എന്ന നിർമിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോമാണ് റിലയൻസ് ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകളെ പരിവർത്തനം ചെയ്യുന്നതിന് വലിയ ലാംഗ്വേജ് മോഡലുകളുടെയും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (GPT) ശക്തി പ്രയോജനപ്പെടുത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.


ലാർജ് ലാംഗ്വേജ് മോഡലുകളുടെയും ജനറേറ്റീവ് എ.ഐയുടെയും കാലമാണ് അടുത്ത പതിറ്റാണ്ടെന്നും ജിയോയുടെ എല്ലാ വിഭാഗങ്ങളിലും എ.ഐ അവതരിപ്പിക്കുമെന്നും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. മുംബൈ ഐ.ഐ.ടിയുടെ വാർഷിക ടെക്ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭാരത് ജിപിറ്റി പ്രോഗ്രാമിന് പുറമേ, ടെലിവിഷനുകൾക്കായി ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കുന്നതും ആലോചനയിലുണ്ടെന്ന് ആകാശ് അംബാനി പറഞ്ഞു. ലോകത്തിലെ സേവന, വ്യവസായ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നിർമിത ബുദ്ധി സൃഷ്ടിക്കുന്നതെന്നും മീഡിയ, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം എ.ഐ അധിഷ്‌ഠിത ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.