സംസ്ഥാനത്ത് ഇന്ന്(31-12-2023) രാത്രി എട്ട് മണി മുതല്‍ നാളെ(01-01-2024) പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം നടത്താൻ സ്വകാര്യ പെട്രോൾ പമ്പുടമകൾ. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പമ്പുടമകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ മാര്‍ച്ച് പത്ത് മുതല്‍ പമ്പുകളുടെ പ്രവർത്തന സമയം രാത്രി പത്ത് മണി വരെ ആക്കുമെന്നും അസോസിയേഷന് വ്യക്തമാക്കി.
പമ്പുകള്‍ക്കുനേരെയുള്ള ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. രാത്രികാലങ്ങളിലും മറ്റും പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്.