ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്‌ടോബർ 29 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉൾപ്പെടെയുളള തുകയാണിത്. നികുതി അടയ്ക്കാത്തത് എന്തുകൊണ്ടാണെന്ന കാരണം കാണിക്കാനും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
ഉപഭോക്താക്കളിൽ നിന്ന് സൊമാറ്റോ ഈടാക്കുന്ന ഡെലിവറി നിരക്കുകളിൽ ജിഎസ്ടി വേണമെന്ന സർക്കാരിന്റെ ആവശ്യം മുൻനിർത്തിയാണ് നോട്ടീസ്. ഡെലിവറി ചാർജുകൾക്ക് നികുതി അടയ്‌ക്കാൻ ബാധ്യതയില്ല എന്നതാണ് സോമാറ്റോയുടെ വാദം. പരസ്‌പരം അംഗീകരിച്ച കരാർ വ്യവസ്ഥകൾ പ്രകാരം ഡെലിവറി പങ്കാളികൾ കമ്പനിക്കല്ല, ഉപഭോക്താക്കൾക്കാണ് ഡെലിവറി സേവനങ്ങൾ നൽകിയിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നൽകുമെന്നും സൊമാറ്റോ അറിയിച്ചു.