അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടും:സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്

0
573

ലഭിക്കാനുള്ള കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സപ്ലൈകോയ്ക്കുളളത്. ക്രിസ്മസ് പുതുവത്സര വിപണിയിൽ ഉൾപ്പെടെ കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ മതിയാകൂ എന്ന് വകുപ്പുമന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. യുഡിഎഫ് കാലത്തുണ്ടായിരുന്ന പരമാവധി 25 ശതമാനം സബ്സിഡിയിൽ കുറയാത്ത വിലക്രമീകരണമാണ് പരിഗണിക്കുന്നതെന്നാണ് സൂചന. നിലവിൽ 50 ശതമാനത്തോളമാണ് സബ്സിഡി. വിപണി വിലയിലെ വ്യത്യാസത്തിന് അനുസരിച്ച് അതാത് സമയത്ത് സബ്സിഡി പുനക്രമീകരിക്കാനും ശുപാര്‍ശയുണ്ട്.