കുത്തനെ കൂടി ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത:സമ്പാദ്യങ്ങളിൽ ഇടിവ്

0
227

രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് കണക്കുകൾ. 2021-22ൽ മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്ന ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അഥവാ കടം, 2022-23ൽ 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി.


അതേസമയം, കുടുംബങ്ങളുടെ സമ്പാദ്യം ഇടിയുകയും ചെയ്തു‌. ജി.ഡി.പിയുടെ 11.1 ശതമാനമായിരുന്ന സമ്പാദ്യം 10.9 ശതമാനമായി കുറഞ്ഞു. സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവിധം പ്രതിസന്ധിയിലാണ് കുടുംബങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. 2020-21 കാലയളവിൽ ജി.ഡി.പിയുടെ 15.4 ശതമാനമായിരുന്നു സമ്പാദ്യം.


റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോ നിരക്ക് 2.50 ശതമാനം കൂട്ടിയതും ഇതിന് പിന്നാലെ ബാങ്കുകൾ വായ്‌പാ പലിശനിരക്ക് ഉയർത്തിയതുമാണ് ഒട്ടുമിക്ക കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയത്. വായ്‌പാ തിരിച്ചടവിനായി (EMI) കൂടുതൽ തുക വകയിരുത്തേണ്ടി വന്നതും ആനുപാതികമായി വരുമാനം കൂടാതിരുന്നതും പണപ്പെരുപ്പവും കുടുംബങ്ങളെ വലച്ചു.