ഉത്പന്ന പാക്കറ്റുകളുടെ മുകളിൽ യൂണിറ്റ് വിലയും ഉത്പാദന തീയതിയും രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി ഉപഭോക്തൃകാര്യ മന്ത്രാലയം. നേരത്തെ ഉത്പാദന തീയതിയോ ഇറക്കുമതി തീയതിയോ അല്ലെങ്കിൽ പാക്കേജിംഗ് തീയതിയോ ഏതെങ്കിലുമൊന്നു മാത്രം തിരഞ്ഞെടുക്കാൻ കമ്പനികൾക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഉത്പാദന തീയതി നിർബന്ധമായി രേഖപ്പെടുത്തണം. കൂടാതെ ഉത്പന്നങ്ങളുടെ വിലയും രേഖപ്പെടുത്തണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം നിർദേശിച്ചു. ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.
ഒരു കിലോ അല്ലെങ്കിൽ ഒരു ലിറ്ററിന് മുകളിലുള്ള പാക്കുകളിൽ ലഭ്യമാക്കുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളിലും യൂണിറ്റ് വില രേഖപ്പെടുത്തണം. ഒരു കിലോ അല്ലെങ്കിൽ ഒരു ലിറ്ററിൽ താഴെയുള്ള ഭക്ഷണ പദാർത്ഥങ്ങളാണെങ്കിൽ മില്ലിഗ്രാം അല്ലെങ്കിൽ മില്ലി ലിറ്റർ യൂണിറ്റിലാണ് വില രേഖപ്പെടുത്തേണ്ടത്. മീറ്റർ, സെന്റീമീറ്റർ യൂണിറ്റിലുള്ള ഉത്പന്നങ്ങൾക്കും ഇത് ബാധകമാണ്. പാക്കറ്റിനുള്ളിൽ ഒന്നിലധികം എണ്ണങ്ങളായാണ് ഉത്പന്നം വിൽക്കുന്നതെങ്കിൽ ഓരോന്നിൻറെയും വില രേഖപ്പെടുത്തണം.