ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും തൊഴിലവസരം:പലസ്തീൻ തൊഴിലാളികളെ വിലക്കി ഇസ്രയേൽ

0
144

നിർമ്മാണ സ്ഥലങ്ങളിലേക്ക് പലസ്‌തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്ത് ഇസ്രയേൽ. ശ്രീലങ്കയിലെ റിക്രൂട്ട്മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനോടകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നുമാണ് വിവരം. ഇന്ത്യയിൽ നിന്ന് കൺസ്ട്രക്ഷൻ, ആരോഗ്യ സേവന മേഖലകളിലേക്ക് ഒരു ലക്ഷം തൊഴിലാളികളെ വരെ റിക്രൂട്ട് ചെയ്തേക്കും.


ഹമാസുമായുള്ള യുദ്ധത്തെ തുടർന്ന്, നിർമാണ തൊഴിലാളികളുടെയും ആരോഗ്യ സേവന മേഖലയിലെ ജീവനക്കാരുടെയും കാര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് ഇസ്രായേൽ നേരിടുന്നത്. നിലവിൽ ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ കൂടുതൽ പേരും ആരോഗ്യ സേവന രംഗത്താണ് തൊഴിലെടുക്കുന്നത്. ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീൻ തൊഴിലാളികൾ ഇസ്രയേലിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ നിരവധി തായ്, ഫിലിപ്പിനോ തൊഴിലാളികൾ രാജ്യം വിടുകയും ചെയ്‌തു. മൊറോക്കോ, ചൈന എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം.


ഹമാസ്-ഇസ്രയേൽ സംഘർഷത്തിന് മുമ്പ് തന്നെ ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള നിർദ്ദേശം ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് 42,000 തൊഴിലാളികളെ കൊണ്ടുപോകാനുള്ള കരാറിൽ ഇസ്രയേൽ വിദേശകാര്യ മന്ത്രി ജൂണിൽ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ പലസ്‌തീനുമായുള്ള സംഘർഷത്തിന് ശേഷം കൂടുതൽ തൊഴിലാളികളെ എത്തിക്കേണ്ട സാഹചര്യമാണ് ഇസ്രയേലിലുള്ളത്.