വർക്കേഷനുമായി ദക്ഷിണ കൊറിയ:ജോലിയും ചെയ്യാം, വെക്കേഷനും ആസ്വദിക്കാം

0
584

വിദേശികൾക്കായി ഓഫീസുകൾ ഒഴിവാക്കിയുള്ള വർക്കേഷൻ സമ്പ്രദായവുമായി ദക്ഷിണ കൊറിയ. വർക്കും വെക്കേഷനും ഒരുമിച്ച് കൊണ്ടുപോകുന്ന സൗകര്യമാണ് വർക്കേഷൻ. ഇതിന്റെ ഭാഗമായി വിദേശികൾക്ക് അവരുടെ മാതൃരാജ്യത്ത് ജോലി നിലനിർത്തിക്കൊണ്ട് രണ്ട് വർഷം വരെ കൊറിയയിൽ തങ്ങാൻ അനുവദിക്കുന്ന പുതിയ ഡിജിറ്റൽ നോമാഡ് വീസ രാജ്യം പുറത്തിറക്കി. നിലവിൽ വിദേശികൾക്ക് 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ദക്ഷിണ കൊറിയ അനുവദിക്കുന്നത്. നോമാഡ് വീസ ലഭിച്ചാൽ രാജ്യത്ത് പ്രവേശിക്കുന്ന സമയം മുതൽ ഒരു വർഷത്തേക്ക് താമസിക്കാം. പിന്നീട് അടുത്ത ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടാനും സാധിക്കും.

18 വയസ്സിന് മുകളിൽ പ്രായമുളള വ്യക്തികൾക്ക് അതത് രാജ്യങ്ങളിലെ ദക്ഷിണ കൊറിയൻ എംബസി വഴി പുതിയ വീസക്കായി അപേക്ഷിക്കാം. ഏകദേശം 55 ലക്ഷം രൂപ പ്രതിവർഷം വരുമാനമുണ്ടെന്നതിന്റെ രേഖകൾ, ജോലിയുടെ വിവരങ്ങൾ, ക്രിമിനൽ റൊക്കോഡുകൾ ഒന്നുമില്ലെന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.


കൂടാതെ ഏകദേശം 60 ലക്ഷം രൂപ കവറേജ് വരുന്ന ആരോഗ്യ ഇൻഷുറൻസും ഉണ്ടായിരിക്കണം. നിലവിൽ ചെയ്യുന്ന ജോലിയിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയവും വേണം. വീസ ലഭിച്ചാൽ പങ്കാളിയെയും മക്കളെയും കൊറിയയിലേക്ക് കൊണ്ടുപോകാനും സാധിക്കും. എന്നാൽ ഈ വീസ ഉപയോഗിച്ച് പുതിയ ജോലി തേടാൻ കഴിയില്ല.