ചെറുകിട വ്യവസായികൾക്ക് കൂടുതൽ വായ്പ നൽകിയത് എൻബിഎഫ്സികൾ:ബാങ്കുകളെക്കാള്‍ മൂന്നിരട്ടി ധനസഹായം

0
121

സൂക്ഷ്‌മ ചെറുകിട ഇടത്തരം കമ്പനികൾക്ക് (എം.എസ്.എം.ഇ) ധനസഹായത്തിനായി ബാങ്കുകളെക്കാൾ സമീപിക്കാൻ കഴിയുന്നത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയാണെന്ന് (എൻ.ബി.എഫ്.സി.കൾ) റിസർവ് ബാങ്ക് റിപ്പോർട്ട്. ബാങ്കുകളെക്കാൾ 3 ഇരട്ടി വായ്‌പകളാണ് എൻ.ബി.എഫ്.സികൾ എം.എസ്.എം.ഇകൾക്ക് നൽകിയത്. 2022 മാർച്ചിൽ 12.7 ശതമാനവും 2023 മാർച്ചിൽ 12.4 ശതമാനവും വളർച്ചയാണ് ബാങ്കുകളുടെ എം.എസ്.എം.ഇ വായ്‌പകളിൽ ഉണ്ടായത്. എന്നാൽ ഇതേ കാലയളവിൽ എൻ.ബി.എഫ്.സി.കൾ എം.എസ്.എം.ഇകൾക്ക് നൽകിയ വായ്‌പയിൽ യഥാക്രമം 21.2 ശതമാനവും 42.4 ശതമാനവും വളർച്ചയുണ്ടായി.

എൻ.ബി.എഫ്‌.സി വായ്‌പകളുടെ 66.6 ശതമാനവും ലഭിച്ചത് സേവന മേഖലയിലെ എം.എസ്.എം.ഇകൾക്കാണ്. 33.4 ശതമാനം നിർമാണ മേഖലയ്ക്കും ലഭിച്ചു. സ്വർണ, വാഹന, ഭവന വായ്‌പ വിഭാഗത്തിൽ ബാങ്കുകളിൽ നിന്ന് കടുത്ത മത്സരം നേരിടുന്നതിനാലാണ് എൻ.ബി.എഫ്.സികൾ കൂടുതൽ ബിസിനിസ് പിടിക്കാനുള്ള അവസരമായി എം.എസ്.എം.ഇ വായ്‌പകൾ നൽകുന്നത് വർധിപ്പിച്ചത്. മുൻഗണന വിഭാഗത്തിന് വായ്‌പകൾ നൽകാൻ സഹ-വായ്‌പ പദ്ധതി നടപ്പാക്കിയതും എൻ.ബി.എഫ്.സികൾക്ക് ഗുണമായി. ഇതുവഴി കുറഞ്ഞ നിരക്കിൽ ബാങ്കിൽ നിന്ന് കടമെടുത്ത് ഗ്രാമീണ മേഖലയിൽ കൂടുതൽ വായ്‌പകൾ നൽകി.