കുതിച്ചുയർന്ന് വെളുത്തുള്ളി വില. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഒരു കിലോ വെളുത്തുള്ളിക്ക് 250 മുതൽ 350 രൂപ വരെയാണ് വില. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില ദിവസവും ഉയരുകയാണ്. വെളുത്തുള്ളിയുടെ ലഭ്യത കുറഞ്ഞതിനാൽ മാസങ്ങളായി 200ന് മുകളിലായിരുന്നു വില.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഈ സംസ്ഥാനങ്ങളിൽ വിളവ് കുറഞ്ഞതോടെയാണ് കേരളത്തിലെ വെളുത്തുള്ളി വില കൂടിയത്. പുതിയ സ്റ്റോക്ക് എത്താത്തതിനാൽ വില ഇനിയും ഉയർന്നേക്കും.
ഇത്തരത്തിൽ വെളുത്തുള്ളി വില ഉയരുന്നത് അച്ചാർ വിപണിയെ സാരമായി ബാധിക്കും. ഹോട്ടൽ വിഭവങ്ങളുടെ വില ഉയരുന്നതിനും ഇത് കാരണമായേക്കും. വില വർധിച്ചതോടെ വെളുത്തുള്ളിയുടെ വിൽപ്പന കുറഞ്ഞതായി വ്യപാരികളും പറയുന്നു.