ഇന്ത്യൻ ബാങ്കുകളുടെ (സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ) വിദേശ ശാഖകളിൽ 25 ശതമാനവും അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2019 മാർച്ച് 31 വരെ 152 വിദേശ ശാഖകളാണ് ഇന്ത്യൻ ബാങ്കുകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ 2023ൽ ഇത് 113 എണ്ണമായി കുറഞ്ഞു. 2018ലെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിനെ തുടർന്ന് ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾ തിരിച്ചടി നേരിട്ട് തുടങ്ങിയിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെ തുടർന്നുള്ള ശാഖകളുടെ ഏകീകരണം ഈ കാലയളവിൽ പല ശാഖകളും പ്രവർത്തനരഹിതമാകുന്നതിന് കാരണമായി. ഡിജിറ്റൽ ബാങ്കിംഗിന്റെ അതിവേഗ വളർച്ച ഫിസിക്കൽ ശാഖകളുടെ ആവശ്യകത കുറച്ചതും കാരണമായി. കൂടാതെ പല രാജ്യങ്ങളും നടപ്പാക്കിയ കർശനമായ ഉപഭോക്തൃ സ്വകാര്യതയും ഡേറ്റാ സംരക്ഷണ മാനദണ്ഡങ്ങളും വിദേശ ശാഖകളുടെ ചെലവ് വർധിപ്പിച്ചതും ചില ശാഖകൾ പൂട്ടുന്നതിന് കാരണമായി.
ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതൽ വിദേശ ശാഖകൾ അടച്ചുപൂട്ടിയ പൊതുമേഖലാ ബാങ്ക്. 9 വിദേശ ശാഖകളാണ് 2019ന് ശേഷം അടച്ചുപൂട്ടിയത്. നിലവിൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് 29 വിദേശ ശാഖകളുണ്ട്. അതേസമയം ഏറ്റവും കൂടുതൽ വിദേശ ശാഖകൾ അടച്ചുപൂട്ടിയ സ്വകാര്യ ബാങ്ക് ഐ.സി.ഐ.സി.ഐ ബാങ്കാണ്. 2019 മുതൽ 2023 വരെ ഈ ബാങ്കിന്റെ അഞ്ച് വിദേശ ശാഖകൾക്കാണ് പൂട്ടുവീണത്.