സാമ്പത്തികച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കുറി 800 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനുള്ള ലേലം ജനുവരി 9ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷൻ സംവിധാനമായ ഇ-കുബേറിൽ (E-Kuber) നടക്കും.
കഴിഞ്ഞ ഡിസംബർ 19ന് 2,000 കോടി രൂപയും 26ന് 1,100 കോടി രൂപയും സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ക്രിസ്‌മസ്-പുതുവത്സരകാല ചെലവുകൾ, ക്ഷേമ പെൻഷൻ വിതരണം, വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കൽ എന്നീ ആവശ്യങ്ങൾക്കായിരുന്നു കടമെടുക്കലുകൾ. കിഫ്ബിയും പെൻഷൻ ഫണ്ടും എടുത്ത കടങ്ങൾ സംസ്ഥാന സർക്കാരിന്റെ കടമായി പരിഗണിക്കുന്നത് കേന്ദ്രം താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇതോടെ 3,140.7 കോടി രൂപ അധികമായി കടമെടുക്കാനുള്ള അവസരം സംസ്ഥാന സർക്കാരിന് ലഭിച്ചു.
ഈ സാമ്പത്തിക വർഷം (2023-24) അവസാനിക്കാൻ മൂന്നുമാസം (ജനുവരി-മാർച്ച്) കൂടി ശേഷിക്കേ, അധികമായി ആകെ 7,000 കോടി രൂപ സംസ്ഥാന സർക്കാരിന് കടമെടുക്കാം. എന്നാൽ, ജനുവരി – മാർച്ചിൽ കേരളത്തിന് കടമെടുക്കാനാവുക പരമാവധി 3,838 കോടി രൂപയായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിൽ 2,000 കോടി രൂപ മുൻകൂറായി കേരളം കടമെടുത്തതിനാൽ ഇനി ശേഷിക്കുന്നത് 1,838 കോടി രൂപ മാത്രമാണ്. എന്നാൽ ജനുവരി-മാർച്ചിലെ ചെലവുകൾക്കായി മൊത്തം 30,000 കോടി രൂപയെങ്കിലും ആവശ്യമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.