ഇന്ത്യക്കാരുടെ ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സമ്പാദ്യ ശീലത്തില്‍ മാറ്റം വന്നതായി കണക്കുകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്തിരുന്ന ബാങ്ക് സേവിംഗ്സ് 2023 ആയപ്പോഴേക്കും 5.1 ശതമാനമായി കുറഞ്ഞെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട്.
നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിലെ കുറവ് കാരണം കോവിഡിന് ശേഷം മിക്കവരും വീടോ, വാഹനമോ വാങ്ങുന്ന രീതിയിലേക്ക് മാറി. ഇതിനാലാണ് ബാങ്ക് നിക്ഷേപങ്ങളില്‍ കുറവ് വന്നതെന്നാണ് കേന്ദ്ര ധന മന്ത്രാലയം പറയുന്നത്. ഇക്കാര്യം ശരിവെക്കുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനം. കഴിഞ്ഞ രണ്ട് വര്‍ഷമായി റീട്ടെയില്‍ വായ്പകളുടെ 50 ശതമാനവും ഉപയോഗിക്കുന്നത് ഭവനം, വിദ്യാഭ്യാസം, വാഹനം വാങ്ങല്‍ എന്നീ ആവശ്യങ്ങള്‍ക്കാണെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്.
കുറഞ്ഞ പലിശ നിരക്ക് ലഭിച്ചിരുന്ന കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഈ മാറ്റങ്ങൾ ഉണ്ടായത്. അതേസമയം രാജ്യത്തെ കുടുംബങ്ങളുടെ ബാങ്കുകളിലെ സമ്പാദ്യം കുറഞ്ഞെങ്കിലും മറ്റ് ആസ്തികള്‍ വാങ്ങുകയോ, നിര്‍മിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.