2023ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന പട്ടം നിലനിർത്തി മാരുതി. കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തിയ ടോപ് 10 കാറുകളിൽ ഏഴും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ട് മോഡലുകളും, ഹ്യൂണ്ടായിയുടെ ഒരു മോഡലും ടോപ് 10ൽ ഇടംപിടിച്ചു.
കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഏറ്റവുമധികം വാങ്ങിയ കാർ മാരുതി സുസുക്കി സ്വിഫ്റ്റാണ്. 2022ലെ 1.76 ലക്ഷത്തിൽ നിന്ന് 2.03 ലക്ഷം എണ്ണമായാണ് സ്വിഫ്റ്റിന്റെ വിൽപന കൂടിയത്. 15 ശതമാനം വളർച്ച. 2.01 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി മാരുതി വാഗൺആർ രണ്ടാം സ്ഥാനം നേടി. എന്നാൽ 2022ലെ 2.17 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് വാഗൺആറിന്റെ വിൽപന കഴിഞ്ഞ വർഷം 7 ശതമാനം താഴ്ന്നു. 1.93 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ബലേനോയും, 1.70 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി വിറ്റാര ബ്രെസയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി. 31 ശതമാനം വിൽപന വളർച്ചയാണ് വിറ്റാര ബ്രെസ കഴിഞ്ഞവർഷം നേടിയത്.
ടാറ്റാ മോട്ടോഴ്‌സിന്റെ നെക്സോൺ ആണ് 5-ാം സ്ഥാനത്ത്. 1.70 ലക്ഷം പേരെയാണ് 2023ൽ പുതുതായി നെക്സോൺ സ്വന്തമാക്കിയത്. മാരുതിയുടെ ഡിസയർ (1.57 ലക്ഷം), ഹ്യൂണ്ടായിയുടെ ക്രെറ്റ (1.57 ലക്ഷം), ടാറ്റാ പഞ്ച് (1.50 ലക്ഷം) എന്നിവയാണ് 6 മുതൽ എട്ടു വരെയുള്ള സ്ഥാനങ്ങളിൽ. ഹ്യൂണ്ടായ് ക്രെറ്റ 12 ശതമാനവും ടാറ്റാ പഞ്ച് 16 ശതമാനവും വിൽപന നേട്ടമാണ് കഴിഞ്ഞ വർഷം നേടിയത്. 1.36 ലക്ഷം യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കി ഈക്കോയാണ് 9-ാം സ്ഥാനത്ത്. വിൽപന മൂന്ന് ശതമാനം കുറഞ്ഞ് 1.29 ലക്ഷമായെങ്കിലും മാരുതി എർട്ടിഗ 10-ാം സ്ഥാനത്തെത്തി. എസ്.യു.വികൾക്ക് പ്രിയമേറിയതോടെയാണ് മുൻവർഷങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്ന മാരുതി ഓൾട്ടോ പിന്നിലായത്. 1.24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി 12-ാമതാണ് മാരുതി ഓൾട്ടോ.