കോടിയും കടന്ന് കുതിക്കുന്നു:വിപണിയിൽ തരംഗമായി മില്‍മയുടെ ചോക്ലേറ്റ് ഉത്പന്നങ്ങള്‍

0
120

വിപണിയിൽ തരംഗം തീര്‍ത്ത് മില്‍മ പുറത്തിറക്കിയ ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ സ്നാക്ക്ബാറും. രണ്ടു മാസം കൊണ്ട് വന്‍ ജനപ്രീതിയാണ് മില്‍മയുടെ പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ നേടിയത്. കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ഡാര്‍ക്ക് ചോക്ലേറ്റ്, സ്നാക്ക്ബാര്‍ ഉത്പന്നങ്ങളുടെ വില്‍പ്പന ഒരു കോടി രൂപ കടന്നു. ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഭാഗമായി ഡെലിസ എന്ന പേരില്‍ മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകളും ഒരു മില്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ എന്ന പേരില്‍ രണ്ട് സ്നാക്ക് ബാറുകളുമാണ് മില്‍മ പുറത്തിറക്കിയത്.

50 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുള്ളതാണ് മില്‍മ ഡാര്‍ക്ക് ചോക്ലേറ്റ്. ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്നതും ആരോഗ്യപ്രദവുമായാണ് മില്‍മ ഈ ഉത്പന്നം പുറത്തിറക്കിയിട്ടുള്ളത്. 35 ഗ്രാം, 70 ഗ്രാം പ്ലെയിന്‍ ഡാര്‍ക്ക് ചോക്ലേറ്റിനും മില്‍ക്ക് ചോക്ലേറ്റിനും യഥാക്രമം 35 രൂപയും, 70 രൂപയുമാണ് വില. 35 ഗ്രാം, 70 ഗ്രാം ഓറഞ്ച്-ബദാം, ഉണക്കമുന്തിരി-ബദാം ചോക്ലേറ്റുകള്‍ക്ക് യഥാക്രമം 40 രൂപയും, 80 രൂപയുമാണ് വില. ചോക്കോഫുള്‍ 12 ഗ്രാമിന് 10 രൂപയും, 30 ഗ്രാമിന് 20 രൂപയുമാണ് വില.

‘ലിറ്റില്‍ മൊമന്‍റ്സ്’ എന്ന പേരിൽ ഡെലിസ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് പാക്കും മില്‍മ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. അമൂലിന് ശേഷം ഡാര്‍ക്ക് ചോക്ലേറ്റ് അവതരിപ്പിച്ച രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് മില്‍മ.