കറന്റ് ബില്ലാണെന്ന പേരിൽ വ്യാജ എസ്.എം.എസുകളും വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകം. ജാഗ്രത കാട്ടിയില്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയായേക്കും. സന്ദേശങ്ങളിലെ മൊബൈൽ നമ്പറുമായി ഉപയോക്താക്കൾ യാതൊരു കാരണവശാലും ബന്ധപ്പെടരുത്. ബിൽ അടയ്ക്കുന്നത് സംബന്ധിച്ച് സംശയം ഉളവാക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ 1912 എന്ന ടോൾഫ്രീ നമ്പരിലോ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തണമെന്ന് അധികൃതർ അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ ബിൽ എന്ന പേരിൽ സന്ദേശങ്ങൾ വാട്‌സാപ്പിലോ എസ്.എം.എസ് ആയോ ലഭിച്ചാൽ അത് യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രതികരിക്കുക. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി എന്നിവയൊന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല. ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ഫോൺ നമ്പറിൽ ബന്ധപ്പെടാനോ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി എന്നിവ നൽകാനോ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കണം.