പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ആപ്പിൾ (Apple) കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമിച്ചത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകൾ (iPhones). നികുതിയും മറ്റ് രാജ്യങ്ങളിലെ ഡീലർമാർജിനുമടക്കം ചേർക്കുമ്പോൾ മൂല്യം ഏകദേശം 1.7 ലക്ഷം കോടി രൂപ വരെയാകും. ജനുവരി – ഡിസംബർ കാലയളവിൽ 65,000 കോടി രൂപ മൂല്യം വരുന്ന ഐഫോണുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.
പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റിവ് സ്കീം (പി.എൽ.ഐ) പ്രകാരം നിശ്ചയിച്ചിരുന്ന ലക്ഷ്യത്തേക്കാൾ മുകളിലാണ് ഉത്പാദനം. ഇത് കമ്പനിയുടെ കോൺട്രാക്ട് മാനുഫാക്‌ചറിംഗിന് കൂടുതൽ ആനുകൂല്യങ്ങൾ നേടാൻ സഹായകമാകും. ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതി ഇന്ത്യയ്ക്കാണ് നേട്ടമാകുന്നത്. മൂല്യം കണക്കാക്കിയാൽ രാജ്യത്തെ ഏറ്റവും വലിയ ഫോൺ നിർമാണ കമ്പനിയാണ് ആപ്പിൾ. രാജ്യത്ത് വിതരണ ശൃംഖല വ്യാപിപ്പിക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. 2018 സാമ്പത്തിക വർഷത്തിൽ രണ്ട് ശതമാനം മാത്രമായിരുന്ന ആപ്പിളിന്റെ വിപണി വിഹിതം ഇപ്പോൾ ആറ് ശതമാനമാണ്.
2023 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് 5 ബില്യൺ ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) കയറ്റുമതി നടത്തിയ ഏക ബ്രാൻഡാണ് ആപ്പിൾ. രാജ്യത്തെ മൊത്തം മൊബൈൽ ഫോൺ കയറ്റുമതി ഇക്കാലയളവിൽ 90,000 കോടി രൂപയുടേതായിരുന്നു. ഇന്ത്യയിൽ ഐ ഫോൺ നിർമിക്കുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ പങ്കാളിത്തവും ആപ്പിൾ ഉറപ്പാക്കിയിട്ടുണ്ട്. ഫോക്സ്കോൺ, പെഗാട്രോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ എന്നിവരാണ് ആപ്പിളിന്റെ ഇന്ത്യയിലെ കോൺട്രാക്ട് നിർമാതാക്കൾ.