അഞ്ച് ലക്ഷം നഴ്‌സുമാരെ നിയമിക്കാൻ ജർമ്മനി:മലയാളികൾക്കുൾപ്പെടെ സുവർണാവസരം

0
270

2030ഓടെ ഏകദേശം അഞ്ച് ലക്ഷം നഴ്‌സുമാരുടെ നിയമനം നടത്താനൊരുങ്ങി ജർമ്മനി. തൊഴിൽ, ഭാഷാപരിജ്ഞാനം എന്നിവയിൽ മുന്നിലുള്ള മലയാളി നഴ്‌സുമാർക്ക് ഇതൊരു സുവർണാവസരമാണെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ ജർമ്മനിയിലേക്ക് പോകാൻ സഹായിക്കുന്ന മികച്ചൊരു പദ്ധതിയാണ് ട്രിപ്പിൾ വിൻ പ്രോഗ്രാം. യോഗ്യതയുള്ള നഴ്‌സുമാരെ ജർമ്മനിയിൽ നിയമിക്കുന്നതിനായി ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ ഇന്റർനാഷണൽ പ്ലേസ്മെന്റ് സർവീസസും (ZAV) ഡച്ച് ഗെസെൽഷാഫ്റ്റ് ഫ്യൂർ ഇന്റർനാഷണൽ സുസമ്മെനാർബെയ്‌റ്റ് (GIZ) ജി.എം.ബി.എച്ചും ചേർന്ന് 2013ൽ ആരംഭിച്ച പദ്ധതിയാണ് ‘ട്രിപ്പിൾ വിൻ പ്രോഗ്രാം’.


ഈ പദ്ധതി വഴി ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ബോസ്‌നിയ, ഹെർസഗോവിന, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി നഴ്‌സുമാർക്കാണ് ജർമ്മനിയിൽ ജോലി ലഭിച്ചത്. ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ ജർമ്മനിയിൽ പോയവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരായിരുന്നു. ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും നോർക്ക റൂട്ട്സും തമ്മിലുള്ള കരാറിന് കീഴിലാണ് ഇവർക്ക് ജോലി ലഭിച്ചത്.
ഇത്തരത്തിൽ ജർമ്മനിയിലേക്ക് പോകുന്ന നഴ്‌സുമാർക്ക് വേണ്ട പരിശീലനവും പിന്തുണയും ഈ കരാറിന് കീഴിൽ നോർക്ക റൂട്ട്സ് ലഭ്യമാക്കുന്നുണ്ട്. ജർമ്മനിയിലെ 27 ഇടങ്ങളിലായി 33 സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ജോലി ചെയ്യുന്നത്.