ടെലിവിഷൻ പ്രേക്ഷകർക്ക് ചിലവേറും:പേ ചാനൽ നിരക്കുകൾ കൂടുന്നു

0
144

രാജ്യത്തെ കേബിൾ ടെലിവിഷൻ പ്രേക്ഷകർക്ക് സബ്സ്ക്രിപ്ഷൻ ഇനത്തിൽ ചിലവേറും. ചാനൽ പരിപാടികളുടെ ഉയർന്ന നിർമാണച്ചെലവ് തിരിച്ചു പിടിക്കാൻ, ഫെബ്രുവരി മുതൽ വരിസംഖ്യ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ചാനലുകൾ. പ്രേക്ഷകർക്ക് ചിലവേറുന്നതിനൊപ്പം കേബിൾ വിതരണ കമ്പനികളും പ്രതിസന്ധിയിലാകും. അടുത്തിടെ ക്രിക്കറ്റ്, ഫുട്ബോൾ അടക്കമുള്ള തത്സമയ പരിപാടികളുടെ സംപ്രേക്ഷണാവകാശം റെക്കോർഡ് ലേലത്തുകയ്ക്ക് ചാനലുകൾ സ്വന്തമാക്കിയിരുന്നു. ഇതിനായി നേരിട്ട ചെലവ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന നടപ്പാക്കുന്നത്.


റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ വിഭാഗമായ നെറ്റ്‍വർക്ക് 18, വയാകോം18 എന്നിവയുടെ ചാനൽ നിരക്കുകളിൽ 20-25 ശതമാനം വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീ എന്റർടെയിൻമെന്റ്, അവരുടെ വിവിധ ചാനലുകൾക്ക് 9-10 ശതമാനം നിരക്ക് വർധനയും, സോണി പിക്ചേഴ്സ്, അവരുടെ ചാനലുകളുടെ വരിസംഖ്യയിൽ 10-11 ശതമാനം വരെ വർധനയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

2024 ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ ടിവി നിരക്കുകൾ പ്രാബല്യത്തിലാകുമെന്ന് ചാനലുകൾ അറിയിച്ചു. നിലവിലുള്ള ടെലികോം നിയമപ്രകാരം, നിരക്ക് വർധന പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷമേ പുതിയ നിരക്കുകൾ നടപ്പിലാക്കാൻ സാധിക്കുകയുള്ളു. അതേസമയം ദേശീയ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിരക്ക് വർദ്ധനയ്ക്ക് അന്തിമ അനുമതി നൽകിയിട്ടില്ല.