ഒരു മിനിറ്റിൽ വാട്‌സാപ്പിലൂടെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമൊരുക്കി കൊച്ചി മെട്രോ. മെട്രോ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം മിയ ജോർജ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ടിക്കറ്റ് എടുക്കുന്നതിന് 91 88957488 എന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് ‘HI’ എന്ന് അയക്കുക. തുടർന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് QR TICKET എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, BOOK TICKET ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകളുടെ പേര് തിരഞ്ഞെടുക്കണം. യാത്രക്കാരുടെ എണ്ണവും രേഖപ്പെടുത്തി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.
ക്യൂആർ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് നാൽപത് മിനിറ്റിനകം ഉപയോഗിക്കണം. വാട്‌സാപ്പിൽ Cancel Ticket എന്ന സംവിധാനം ക്ലിക്ക് ചെയ്‌താൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും കഴിയും. 9188957488 എന്ന നമ്പറിൽ തന്നെ Hi അയച്ച് ഈ സൗകര്യം ഉപയോഗിക്കാം. ഒരു കോടിയിലധികം യാത്രക്കാരുമായി കൊച്ചി മെട്രോ പുതിയ വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും നിരവധി സേവനങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നതെന്നും പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്റ്റർ ലോക്നാഥ് ബെഹ്റ പറഞ്ഞു.