ഫെബ്രുവരി 1 ന് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്:പ്രതീക്ഷയോടെ വിവിധ മേഖലകൾ

0
216

2024-25ലെ ഇടക്കാല ബജറ്റ് 2024 ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പു വർഷമായതിനാൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുക. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണത്തേത്.

സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്യും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡുകളുടെ ചെലവ് നിർദ്ദേശങ്ങൾ ധനമന്ത്രാലയം തേടിയിട്ടുണ്ട്. വിലക്കയറ്റത്തെ ചെറുക്കുന്നതിനും സ്ഥിരമായ പണപ്പെരുപ്പ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമുള്ള നടപടികൾ ബജറ്റിലുണ്ടായേക്കും. മികച്ച കണക്റ്റിവിറ്റി ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതിനാൽ റെയിൽവേയ്ക്ക് മെച്ചപ്പെട്ട വിഹിതം ലഭിച്ചേക്കും.

കാർഷിക മേഖലയ്ക്കും നല്ലൊരു വിഹിതം വകയിരുത്തിയേക്കും. സ്ത്രീ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം അഞ്ചിരട്ടിയായി ഉയർന്നിട്ടുണ്ട്. ബിസിനസ്, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളും ഏറെ പ്രതീക്ഷയിലാണ്. മുൻവർഷങ്ങളിൽ ചെയ്തതുപോലെ ഒരു നീണ്ട സാമ്പത്തിക സർവേയ്ക്ക് പകരം, 2024-25 ലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വ റിപ്പോർട്ട് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.