‘സമ്മാൻ റൂപേ’:സർക്കാർ ജീവനക്കാർക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക്

0
554

സർക്കാർ ജീവനക്കാർക്കായി യുപിഐ അധിഷ്ഠിത റൂപേ ക്രെ‍ഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക്. സർക്കാർ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ സമ്മാൻ റൂപേ ക്രെഡിറ്റ് കാർഡ് മുന്നോട്ടുവെക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് റൂപേ ക്രെ‍ഡിറ്റ് കാർഡ് പുറത്തിറക്കിയത്.

സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമായി രൂപകല്പന ചെയ്ത സമ്മാൻ റൂപേ, യുപിഐയുടെ ഏറ്റവും ആധുനിക ഫീച്ചറുകൾ സംയോജിപ്പിച്ച ട്രഡീഷണൽ ക്രെഡിറ്റ് കാർഡാണ്. വിവിധ ഇടങ്ങളിൽ ചെലവഴിക്കുന്ന തുകയ്ക്ക് ക്യാഷ് ബാക്ക് നൽകുന്ന സമ്മാൻ റൂപേ കാർഡ്, കാഷ് അഡ്‌വാൻസുകൾക്ക് ചാർജ് ഈടാക്കില്ല. കോംപ്ലിമെന്ററിയായി സിനിമാ ടിക്കറ്റുകളും ലഭിക്കും. ഐആർസിടിസി ഇടപാടുകളിലും പെട്രോൾ പമ്പുകളിലും സർചാർജിൽ ഇളവും ലഭിക്കും.

സർക്കാർ ജീവനക്കാരുടെ ദിവസേനയുള്ള പണമിടപാടുകൾ കൂടുതൽ ലളിതവും സുഗമവുമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യുപിഐ പേയ്മെന്റ് ആപ്ലിക്കേഷനുമായി റൂപേ ക്രെഡിറ്റ് കാർഡ് ബന്ധിപ്പിക്കാൻ ഉപഭോക്താക്കളെ അനുവദിച്ചു കൊണ്ട് ആർബിഐ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻഡസ് ഇൻഡ് ബാങ്ക് സമ്മാൻ കാർഡ് അവതരിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, കൊഡാക്ക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ യുപിഐ ഉപയോഗിക്കാൻ പറ്റുന്ന വിർച്വൽ റൂപേ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിരുന്നു.