ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സൂചിക:സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ

0
175

ഹെൻലി പാസ്പോർട്ട് സൂചികയിൽ റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 62 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനത്തോടെ ഇന്ത്യൻ പാസ്പോർട്ട് 80-ാം സ്ഥാനത്തെത്തി. 2023ൽ 85-ാം സ്ഥാനത്തിയിരുന്നു ഇന്ത്യ. ഇന്ത്യയ്‌ക്കൊപ്പം ഉസ്‌ബെക്കിസ്ഥാനും 80-ാം സ്ഥാനത്താണ്. ബാർബഡോസ്, ഫിജി, ഭൂട്ടാൻ, മാലിദ്വീപ്, ടോഗോ, സെനഗൽ തുടങ്ങിയ 62 രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം. ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിൽ വിസയില്ലാതെ 1 ആഴ്ച മുതൽ 3 മാസം വരെ താമസിക്കാം.

ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇത്തവണ 6 രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവയാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 194 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനാനുമതിയുള്ളവയാണ് ഈ രാജ്യങ്ങൾ. 193 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ള ഫിൻലൻഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങൾക്ക് 192 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനാനുമതിയുണ്ട്. 28 രാജ്യങ്ങളിലേക്ക് മാത്രം വീസ രഹിത പ്രവേശനാനുമതിയുളള അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 104-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.


മുൻകൂർ വീസയില്ലാതെ ഉടമകൾക്ക് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും റാങ്കിംഗ് രേഖപ്പെടുത്തുന്ന സൂചികയാണ് ഹെൻലി പാസ്പോർട്ട് സൂചിക. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) ഡേറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.