രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഗുജറാത്തിലായിരിക്കും ആദ്യ സർവീസ്. സൂറത്ത് മുതൽ ബിലിമോറ വരെയായിരിക്കും സർവീസ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ വെച്ചായിരുന്നു പ്രഖ്യാപനം.
ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗർ ഹവേലി എന്നീ സ്ഥലങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതായി ജനുവരി എട്ടിന് റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. 270 കിലോമീറ്റർ നീളമുള്ള വയർ ഡക്റ്റ് വിജയകരമായി സ്ഥാപിച്ചെന്നാണ് അറിയിപ്പ്. മറ്റു പണികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് നാഷണൽ ഹൈ സ്‌പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എച്ച്.എസ്.ആർ.സി.എൽ) നേതൃത്വത്തിലുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. രണ്ട് മണിക്കൂർ കൊണ്ട് 500 കിലോമീറ്ററിലധികം ദൂരം പിന്നിടാനാണ് ബുള്ളറ്റ് ട്രെയിനിലൂടെ ലക്ഷ്യമിടുന്നത്.