മല്യയേയും, നീരവിനേയും തിരിച്ചെത്തിക്കാൻ നടപടികൾ:ഉന്നതതല സംഘം യുകെയിലേക്ക്

0
508

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യ എന്നിവരാണ് പിടികിട്ടാപുള്ളികളായുള്ളത്. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവ ഉൾപ്പെടുന്ന സംഘമാണ് യുകെയിലേക്ക് പോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോർട്ട്.

യു.കെ അടക്കമുള്ള വിദേശരാജ്യങ്ങളിൽ തട്ടിപ്പുവഴി ഇവർ ഉണ്ടാക്കിയ സ്വത്തുക്കൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവ കണ്ടുകെട്ടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. യു.കെയിലെ ഇന്ത്യൻ ഹൈകമ്മീഷണറുമായും അവിടത്തെ അധികൃതരുമായും ചർച്ച നിശ്ചയിച്ചിട്ടുണ്ട്. കുറ്റവാളികളുടെ ലണ്ടനിലെ സ്വത്തുക്കളും ബാങ്ക് ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും സംഘം തേടും.


മ്യൂച്ചൽ ലീഗൽ അസ്സിയൻസ് ഉടമ്പടി(എം.എൽ.എ.ടി)യിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് ഇന്ത്യയും യുകെയും. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പരസ്‌പരം കൈമാറണം.