ഹജ്ജിന് പോകാൻ പറക്കും ടാക്സി:തീർഥാടകർക്കായി സൗദിയുടെ പദ്ധതി

0
170

ഹജ്ജ് തീർഥാടകർക്കായി പറക്കും ടാക്സി അവതരിപ്പിക്കാൻ സൗദി അറേബ്യ. തീർഥാടകരെ മക്കയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും എത്തിക്കാനായിരിക്കും പറക്കും ടാക്സി ഉപയോഗിക്കുക. മക്കയെയും ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും എയർ ടാക്സി സർവീസ് നടത്തുക. ഇതിനായി സൗദി എയർലൈൻസായ സൗദിയ നൂറോളം വിമാനങ്ങൾ വാങ്ങുമെന്നാണ് റിപ്പോർട്ട്.

ജർമനിയിലെ ലിലിയം കമ്പനിയിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുകയെന്ന് സൗദിയ ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് പറഞ്ഞു. പൂർണമായും വൈദ്യുത ഊർജത്തിൽ പ്രവർത്തിക്കുന്നവയാണ് ലിലിയം ഇലക്ട്രിക് വിമാനങ്ങൾ. ലിലിയത്തിന്റെ 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങുന്നതിന് ഇതിനകം കരാറൊപ്പിട്ടു കഴിഞ്ഞു. മറ്റ് ഗതാഗത മാർഗങ്ങളെക്കാൾ പ്രകൃതി സൗഹാർദമാണ് ഈ രീതിയെന്ന് കമ്പനി പറഞ്ഞു.

പരമാവധി 200 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കുന്ന വിമാനങ്ങളിൽ ഒരു സമയം ആറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. മക്ക മസ്ജിദുൽ ഹറമിന് സമീപത്തെ ഹോട്ടലുകളിലെ എയർസ്ട്രിപ്പുകളിൽ വിമാനങ്ങൾ യാത്രക്കാരെയും കൊണ്ടിറങ്ങും. ഇതിനായി വോളോകോപ്റ്റർ കമ്പനിയും സൗദി ഭരണകൂടവും സംയുക്തമായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എയർക്രാഫ്റ്റുകളും നിർമിച്ചിട്ടുണ്ട്.