250 ഏക്കറിൽ ആയുധ നിർമാണശാല:തോക്കുകളും, മിസൈലുകളും നിർമ്മിക്കാൻ അദാനി

0
131

ആയുധ നിർമാണത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്. ഉത്തർ പ്രദേശിലെ കാൺപൂരിൽ 1500 കോടി രൂപ മുതൽ മുടക്കിൽ സജ്ജമാക്കിയിട്ടുള്ള നിർമാണശാല അടുത്ത മാസം പ്രവർത്തനമാരംഭിക്കും. അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാനി ഡിഫെൻസ് എന്ന കമ്പനിയ്ക്കാണ് പ്ലാന്റിന്റെ മേൽനോട്ട ചുമതല. നിലവിൽ നാവിക സേനയ്ക്കാവശ്യമായ ഡ്രോൺ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്.

ചെറു ആയുധങ്ങൾ, ബുള്ളറ്റുകൾ, അനുബന്ധ വസ്‌തുക്കൾ എന്നിവയാണ് പ്ലാന്റിൽ നിർമിക്കുക. 250 ഏക്കർ സ്ഥലത്തായിരിക്കും പ്ലാന്റിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ. എന്നാൽ പിന്നീട് ഇത് വിപുലീകരിക്കും. ആഗോള തലത്തിൽ ഉപയോഗിക്കുന്ന 7.62 മില്ലി മീറ്റർ, 5.56 മില്ലി മീറ്റർ ബുള്ളറ്റുകളുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ചെറു ആയുധങ്ങളും തുടർന്ന് 155 മില്ലി മീറ്റർ ആർട്ടിലറി ഷെല്ലുകളും മിസൈലുകളും നിർമിക്കുമെന്നാണ് റിപ്പോർട്ട്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആയുധ നിർമാണ ശാലയായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. പൂനെയിൽ സ്ഥിതി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമായ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL) ആണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ആയുധ നിർമാണ ശാല.