ആഗോളതലത്തിൽ നമ്പർ 1:സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആപ്പിൾ

0
112

സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആഗോളതലത്തിൽ ഒന്നാം നമ്പർ സ്‌മാർട്‌ഫോൺ ബ്രാൻഡായി ആപ്പിൾ. ഇന്റർനാഷണൽ ഡാറ്റാ കോർപറേഷന്റെ കണക്കുകൾ പ്രകാരം 23.46 കോടി സ്‌മാർട്ട്ഫോണുകളാണ് 2023ൽ ആപ്പിൾ വിറ്റഴിച്ചത്. 2022ൽ ഇത് 22.63 കോടി സ്‌മാർട്‌ഫോണുകളായിരുന്നു. 83 ലക്ഷം ഫോണുകളുടെ വർധനയോടെ 3.7 ശതമാനം വളർച്ചയാണ് ആപ്പിൾ നേടിയത്. 2010ന് ശേഷം ആദ്യമായാണ് ആപ്പിൾ ആഗോള വിപണിയിൽ സാംസംഗിനെ മറികടക്കുന്നത്.


മികച്ച വളർച്ച നേടിയതോടെ ആപ്പിളിന്റെ വിപണി വിഹിതം 2022ലെ 18.8 ശതമാനത്തിൽ നിന്ന് 2023ൽ 20.1 ശതമാനമായി ഉയർന്നു. പ്രീമിയം ഫോണുകളോടുള്ള ആളുകളുടെ താൽപര്യം വർധിച്ചതാണ് ആപ്പിളിന്റെ നേട്ടത്തിനുള്ള പ്രധാന കാരണം. കൂടാതെ ഓഫറുകളും പലിശരഹിത ഫിനാൻസിംഗ് പ്ലാനുകളും ആപ്പിളിന് നേട്ടമായി. അതേസമയം 2022ലെ 26.22 കോടിയിൽ നിന്ന് 2023ൽ 22.66 കോടിയായി സാംസംഗിന്റെ കയറ്റുമതി കുറഞ്ഞു. 13.6 ശതമാനം ഇടിവാണുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 2022ലെ 21.7 ശതമാനത്തിൽ നിന്ന് 2023ൽ 19.4 ശതമാനമായും കുറഞ്ഞു. ഷാവോമി, ഓപ്പോ, ട്രാൻഷൻ എന്നീ സ്‌മാർട്‌ഫോൺ ബ്രാൻഡുകൾ ആപ്പിളിനും സാംസംഗിനും പിന്നാലെയുണ്ട്.


ആഗോളതലത്തിൽ സ്‌മാർട്ട്ഫോൺ വിൽപ്പനയിൽ ഇടിവുണ്ടായതായും ഐ.ഡി.സി റിപ്പോർട്ടിൽ പറയുന്നു. 3.2 ശതമാനം ഇടിവോടെ ആകെ 117 കോടി സ്‌മാർട്ഫോണുകളാണ് 2023ൽ ആഗോളതലത്തിൽ വിറ്റഴിച്ചത്.