പി.എൽ.ഐ പദ്ധതി വഴി എത്തിയത് 1.03 ലക്ഷം കോടിയുടെ നിക്ഷേപം:3.20 ലക്ഷം കോടി കവിഞ്ഞ് കയറ്റുമതി

0
540

2023 നവംബർ വരെ പ്രൊഡക്ഷൻ ലിങ്ക്‌ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതി സ്വന്തമാക്കിയത് 1.03 ലക്ഷം കോടി രൂപയുടെ നിക്ഷേപം. രാജ്യത്തെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുക, മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്‌തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പി.എൽ.ഐ.


പദ്ധതി നടപ്പിലാക്കിയതിന് ശേഷം കയറ്റുമതി 3.20 ലക്ഷം കോടി കവിഞ്ഞതായി ഡി.പി.ഐ.ഐ.ടി വ്യക്തമാക്കി. ഈ നിക്ഷേപം 8.61 ലക്ഷം കോടി രൂപയുടെ ഉത്പ്പാദനത്തിനും, പ്രത്യക്ഷമായും പരോക്ഷമായും 6.78 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിച്ചതായി ഡി.പി.ഐ.ഐ.ടി അഡീഷണൽ സെക്രട്ടറി രാജീവ് സിംഗ് താക്കൂർ പറഞ്ഞു.


ഏകദേശം 4,415 കോടി രൂപയുടെ ഇൻസെന്റീവാണ് പദ്ധതിക്ക് കീഴിൽ സർക്കാർ ഇതുവരെ വിതരണം ചെയ്‌തത്. ലാർജ് സ്കെയിൽ ഇലക്ട്രോണിക്‌സ് മാനുഫാക്‌ചറിംഗ്, ഐ.ടി ഹാർഡ്‌വെയർ, ബൾക്ക് ഡ്രഗ്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം ആൻഡ് നെറ്റ്‌വർക്കിംഗ് ഉത്പ്പന്നങ്ങൾ, ഫുഡ് പ്രോസസിംഗ്, ഡ്രോണുകൾ എന്നിങ്ങനെ എട്ട് പി.എൽ.ഐ സ്‌കീമുകൾക്ക് കീഴിലാണ് ഇൻസെന്റീവ് വിതരണം ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ, ഫാർമസ്യൂട്ടിക്കൽ പി.എൽ.ഐ സ്‌കീമുകളിലാണ് ഏറ്റവും കൂടുതൽ പുരോഗതി ഉണ്ടായത്.