രാജ്യത്തെ തന്നെ ഏറ്റവും സാമ്പത്തികമായി സജീവമായ നഗരമായി മാറാനുള്ള തയ്യാറെടുപ്പിൽ അയോധ്യ. ക്ഷേത്രം സജ്ജമായതോടെ, അയോധ്യയിൽ സ്ഥലത്തിനുള്ള അന്വേഷണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ പ്രോപ്പർട്ടികൾക്കുള്ള അന്വേഷണത്തിൽ ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയെ അയോധ്യ പിന്നിലാക്കി. 2023-24ൽ ഇതുവരെ അയോധ്യയിൽ 20,067 ഭൂ ഇടപാട് നടന്നതായാണ് ഉത്തർപ്രദേശ് സർക്കാരിന്റെ രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കുകൾ. 2017-18ൽ ഇത് 5,900 മാത്രമായിരുന്നു.
അയോധ്യ ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് ചതുരശ്ര അടിക്ക് 1,500-2,000 രൂപയായിരുന്ന സ്ഥല വില നിലവിൽ ക്ഷേത്രത്തിന് 5-10 കിലോമീറ്റർ ചുറ്റളവിൽ 18,000-20,000 രൂപയാണ്. 1,000 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ അയോധ്യയിൽ ന്യൂ അയോധ്യയെന്ന ടൗൺഷിപ്പാണ് യോഗി ആദിത്യനാഥ് സർക്കാർ വിഭാവനം ചെയ്‌തിരിക്കുന്നത്. അയോധ്യയിൽ റിയൽ എസ്റ്റേറ്റ്, ഹോസ്‌പിറ്റാലിറ്റി രംഗങ്ങളിൽ മാത്രമല്ല മറ്റ് വ്യാവസായിക രംഗങ്ങളിലേയ്ക്കും ശതകോടികളുടെ നിക്ഷേപമാണ് എത്തുക.
അയോധ്യയിൽ ശ്രീരാമക്ഷേത്രം പൂർത്തിയാകുന്നതോടെ, തീർത്ഥാടകരുടെ വൻ പ്രവാഹമാണ് ഉത്തർപ്രദേശ് സർക്കാരും വ്യവസായ-വാണിജ്യ ലോകവും പ്രതീക്ഷിക്കുന്നത്. 2021ൽ 65,000 കോടി രൂപയായിരുന്ന ഇന്ത്യയുടെ തീർത്ഥാടന ടൂറിസത്തിന്റെ വരുമാനം 2022ൽ 1.34 ലക്ഷം കോടി രൂപയായിരുന്നു. അയോധ്യയിൽ ക്ഷേത്രം തുറക്കുന്നതോടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.