ഇന്ന് (ജനുവരി 22, തിങ്കളാഴ്ച) അയോധ്യയിൽ നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുന്നത്. 70 നഗരങ്ങളിലെ 160 തിയേറ്ററുകളിൽ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രദർശനം. 100 രൂപയാണ് ടിക്കറ്റ് ചാർജ്. രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കമ്പനി കോ സിഇഒ ഗൗതം ദത്ത പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിൽ മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള എന്നിവരുൾപ്പെടെ ഇന്ത്യയിലെ അതിസമ്പന്നരായ ചുരുക്കം ചിലർ പങ്കെടുത്തേക്കുമെന്നാണ് സൂചന. മുകേഷ് അംബാനി തങ്ങളുടെ എല്ലാ ജീവനക്കാർക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 10000-ത്തിലധികം അതിഥികൾ എത്തുന്ന ചടങ്ങിൽ വ്യവസായ പ്രമുഖർ മാത്രമല്ല കായികം, വിനോദം തുടങ്ങി മറ്റ് മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കും.