റിലയൻസിന്റെ ഡിസംബര്‍ പാദത്തിലെ ലാഭം 19,641 കോടി:ജിയോയുടേയും, റീറ്റെയ്‌ലിന്റെയും വരുമാനത്തിൽ വർധന

0
109

2023-34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം (Net profit) 19,641 കോടി രൂപ. 10.9 ശതമാനം വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,706 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 3.2 ശതമാനം വളർച്ചയോടെ 2,48,160 കോടി രൂപയാണ്. 44,678 കോടി രൂപയാണ് നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം. 16.7 ശതമാനമാണ് വർധന.

പലചരക്ക്, ഫാഷൻ ആൻഡ് ലൈഫ്‌സ്‌റ്റൈൽ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബിസിനസുകളുടെ നേതൃത്വത്തിൽ റിലയൻസ് റീറ്റെയ്‌ലിന്റെ വരുമാനം ഡിസംബർ പാദത്തിൽ 22.8 ശതമാനം ഉയർന്ന് 83,063 കോടി രൂപയായി. 252 സ്റ്റോറുകളാണ് കമ്പനി പുതിയതായി തുറന്നത്. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 18,774 ആയി. വളർച്ച തുടരുന്ന ഡിജിറ്റൽ കൊമേഴ്‌സ്, ന്യൂ കൊമേഴ്‌സ് ബിസിനസുകൾ വരുമാനത്തിന്റെ 19 ശതമാനം സംഭാവന ചെയ്തു.

12 ശതമാനം തുടർച്ചയായി വർധിച്ച് 5,545 കോടി രൂപയാണ് ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ 2023-24 ഡിസംബർ പാദത്തിലെ ലാഭം. 11.4 ശതമാനം വർധിച്ച് 32,510 കോടി രൂപയാണ് പ്രവർത്തന വരുമാനം. 1.12 കോടി വരിക്കാരെയാണ് ഡിസംബർ പാദത്തിൽ റിലയൻസ് ജിയോ പുതിയതായി ചേർത്തത്. 50.2 ശതമാനം ഉയർന്ന് 6,719 കോടി രൂപയാണ് റിലയൻസിന്റെ ഓയിൽ & ഗ്യാസ് വിഭാഗത്തിന്റെ ഡിസംബർ പാദ വരുമാനം.