നിശ്ചിത വിൽപ്പന ലക്ഷ്യം മറികടന്ന് കേരളത്തിൽ മികച്ച വിൽപ്പനയുമായി ആഡംബര കാർ ബ്രാൻഡായ പോർഷെ. 110 പോർഷെ കാറുകളാണ് 2023ൽ കൊച്ചി ഡീലർഷിപ്പ് വഴി കമ്പനി വിറ്റത്. കേരള വിപണിയിൽ ബ്രാൻഡിന്റെ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതാണ് കഴിഞ്ഞ വർഷത്തെ ഉയർന്ന വിൽപ്പന.
പോർഷെയുടെ കയെൻ, മകാൻ മോഡലുകളാണ് ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരം.
നിലവിൽ രാജ്യത്ത് പോർഷെ ശ്രേണിക്ക് ആറ് മോഡലുകളാണുള്ളത്- മകാൻ, കയെൻ, പനമേറ, ടെയ്ക്കാൻ, 718, 911. മകാൻ മോഡലിന് 88 ലക്ഷം മുതൽ 911 എസ്/ടിക്ക് 4.26 കോടി രൂപ വരെയാണ് വില. അതേസമയം കേരളത്തിലെ ആദ്യ ‘പ്യുർ ഗ്രീൻ’ പോർഷെ ടെയ്ൻ 4എസ് വൈദ്യുത കാർ യു.എ.ഇ ആസ്ഥാനമായ അൽ സാബി ഗ്രൂപ്പ് ചെയർമാൻ ടി.ആർ. വിജയകുമാർ സ്വന്തമാക്കി.
79.2 കിലോവാട്ട് ഔർ ലിഥിയം അയൺ ബാറ്ററിയുളള പോർഷെ ടെയ്ൻ 4എസ് ഇലക്ട്രിക് കാറിന് രണ്ട് ആക്‌സിലുകളിലും പെർമനന്റ് മാഗ്നറ്റ് സിക്രണസ് മോട്ടോറുമുണ്ട്. മണിക്കൂറിൽ 250 കിലോമീറ്ററാണ് ടോപ് സ്‌പീഡ്. പൂർണമായി ചാർജ് ചെയ്‌താൽ 304 കിലോമീറ്റർ സഞ്ചരിക്കാം. അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന പോർഷെ ടെയ്കൻ 4എസിൽ സുരക്ഷയ്ക്കായി 10 എയർബാഗുകളാണ് നൽകിയിരിക്കുന്നത്.