സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കാൻ തീരുമാനമായി. ഡ്രൈവിംഗ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും മാറ്റം വരുത്തികൊണ്ടുള്ള പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഗതാഗതവകുപ്പ് 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ലേണേഴ്സ് ടെസ്റ്റിൽ ഇനി മുതൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഇതിൽ ഇരുപത്തിയഞ്ച് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകണം. ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റങ്ങൾ കൊണ്ടുവരും. എല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്യും. കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിൽ ഇനി ‘H’ന് പകരം വളഞ്ഞ് പുളഞ്ഞ് മുന്നോട്ടും പുറകോട്ടും വാഹനം ഓടിക്കേണ്ടി വരും. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മുന്നിൽ റോഡിൽ വാഹനം ഓടിച്ചു കാണിക്കണം.
ഡ്രൈവിംഗ് ടെസ്റ്റിനോടൊപ്പം പാർക്കിംഗ് പരീക്ഷയും നടത്തും. ഇതിൽ നിശ്ചിത ബോക്സിലേക്ക് മുന്നോട്ടും പുറകോട്ടും വാഹനം കയറ്റി പാർക്ക് ചെയ്യാനുള്ള ഡ്രൈവറുടെ കഴിവ് പരീക്ഷിക്കും. ഉദ്യോഗസ്ഥർ പറയുമ്പോൾ പാർക്ക് ചെയ്ത് കാണിക്കണം. ഒരു ദിവസം ഒരു ഓഫീസ് പരമാവധി 20 ലൈസൻസ് നൽകിയാൽ മതിയെന്നതാണ് മറ്റൊരു തീരുമാനം. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഇത് സംബന്ധിച്ച് ഉത്തരവിറക്കും.