സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കൂട്ടി കേന്ദ്രസർക്കാർ. മൂക്കുത്തി, കമ്മൽ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കൊളുത്ത്, സ്ക്രൂ, പിൻ തുടങ്ങിയവയുടെ ഇറക്കുമതി നികുതിയാണ് ഉയർത്തിയത്. വെള്ളി അനുബന്ധ വസ്‌തുക്കൾക്കും നികുതി വർധന ബാധകമാണ്. പുതുക്കിയ നിരക്ക് ജനുവരി 22 മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്കിൽ 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയും, 5 ശതമാനം കാർഷിക, അടിസ്ഥാന സൗകര്യ വികസന സെസുമാണ്.
കൊളുത്ത്, പിൻ, സ്ക്രൂ തുടങ്ങിയ നിർമ്മാണ അനുബന്ധ വസ്‌തുക്കൾ അസംസ്കൃത വസ്‌തുക്കൾ എന്ന പേരിൽ ചില വ്യാപാരികൾ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോൾ നികുതി 5 ശതമാനത്തിലും താഴെയാണ്. ഈ പഴുത് ദുരുപയോഗം ചെയ്‌ത് ചില വ്യാപാരികൾ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇവയുടെ നികുതി കേന്ദ്രം കൂട്ടിയതെന്നാണ് വിലയിരുത്തൽ. ഇത്തരം വസ്‌തുക്കളുടെ ഇറക്കുമതി കഴിഞ്ഞ രണ്ട് മാസങ്ങളിലായി വർധിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ.
ഉപഭോക്താവ് വാങ്ങുന്ന ആഭരണങ്ങൾക്ക് നിലവിൽ 15 ശതമാനമാണ് ഇറക്കുമതി തീരുവ. അതിനാൽ, ഇറക്കുമതി തീരുവ കൂട്ടിയ നടപടി ഉപയോക്താക്കളെ ബാധിക്കില്ല. നിയമാനുസൃതമായി 15 ശതമാനം ഇറക്കുമതി തീരുവ നൽകി സ്വർണം ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾക്കും നികുതി വർധന തിരിച്ചടിയല്ല.