22 മാസത്തെ കാത്തിരിപ്പിനൊടുവിൽ 2021-2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പൂർണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജുസ്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചുവെന്നും കമ്പനികാര്യ മന്ത്രാലയത്തിന് നൽകിയ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബൈജൂസ് ഈ കണക്കുകൾ വച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തുവിടുന്നത്.
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടുമെന്നാണ് വിവരം. കമ്പനിയ്ക്ക് വെറും 16,000 കോടി രൂപയുടെ മൂല്യം കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് വിവരം. 2022ന്‍റെ അവസാനം വരെ ഏകദേശം 1.82 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.