മണ്ണിൽ അലിഞ്ഞു ചേരുന്ന വെള്ളക്കുപ്പി അവതരിപ്പിച്ച് ഡിഎഫ്ആർഎൽ:രാജ്യത്ത് തന്നെ ആദ്യം

0
664

മണ്ണിൽ അലിഞ്ഞു ചേരുന്ന വെള്ളക്കുപ്പി വികസിപ്പിച്ച് മൈസൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫുഡ് റിസേർച്ച് ലാബ് (ഡിഎഫ്ആർഎൽ). ഡിഫൻസ് റിസേർച്ച് ആൻഡ് ‍ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡിഎഫ്ആർഎലിന്റെ കണ്ടുപിടിത്തം പ്രകൃതിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് മാലിന്യം കുറച്ചുകൊണ്ടുവരാൻ സഹായിക്കുന്നതാണ്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് മണ്ണിൽ അലിഞ്ഞു ചേരുന്ന വാട്ടർ ബോട്ടിൽ വികസിപ്പിക്കുന്നത്.


മണ്ണിൽ അലിയുന്ന പോളിലാക്റ്റിക് ആസിഡ് കൊണ്ടാണ് വെള്ളക്കുപ്പി നിർമിച്ചിരിക്കുന്നത്. കുപ്പിയുടെ ലേബലും അടപ്പും ഉൾപ്പെടെ എല്ലാം മണ്ണിൽ അലിയും. നിലവിൽ ഉപയോഗിക്കുന്ന വെള്ളക്കുപ്പികൾ പോലെ തന്നെ ഉപയോഗിക്കാൻ പറ്റുന്ന ഈ വാട്ടർ ബോട്ടിൽ കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കാനും സഹായിക്കും. 100% പുനരുപയോഗ സ്രോതസ്സുകൾ ഉപയോഗിച്ചാണ് വെള്ളക്കുപ്പി നിർമിച്ചിരിക്കുന്നത്.

കൊങ്കൺ സ്പെഷ്യാലിറ്റി പോളിപ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഡിഎഫ്ആർഎൽ വെള്ളക്കുപ്പികൾ വിപണിയിലെത്തിക്കുന്നത്. ഇൻജക്ഷൻ ബ്ലോ മോൾഡിംഗ് വിദ്യ ഉപയോഗിച്ച് 250 മില്ലിലീറ്ററിന്റെ വെള്ളക്കുപ്പികളാണ് നിർമിക്കുന്നത്.